Pages

Thursday 15 November 2012

പതിനായിരം രൂപയില്‍ താഴെ വിലയുള്ള ആന്‍ഡ്രോയിഡ്‌ ടാബ്ലെറ്റുകള്‍.

ടാബ്ലെറ്റുകള്‍ വിവിധ കമ്പനികള്‍ വിവിധ സൗകര്യങ്ങളുമായി വിവിധ വിലകളില്‍ പുറത്തിറക്കുമ്പോള്‍ ഒരെണ്ണമെങ്കിലും സ്വന്തമാക്കുക എന്നത്മിക്കവരുടെയും ഒരുആഗ്രഹമാണ്. പക്ഷേ ഏത്‌ തിരഞ്ഞെടുക്കണം എന്നത് ഒരു വൈതരണി തന്നെയാണ്. ഇവിടെ ടെക് ഗഡി പതിനായിരം രൂപയില്‍ കുറവ്‌ വിലയുള്ള പുതിയ ചില ആന്‍ഡ്രോയിഡ്‌ ടാബ്ലെറ്റുകള്‍ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്താം.

 iBerry AX01





ഐ ബെറി ടാബ്ലെറ്റ്‌ ICS വേര്‍ഷനില്‍ ഉള്ള ഒരു ടാബ്ലെറ്റ്‌ ആണ്. ഇതില്‍ 7" ഉള്ള  800 x 400 പിക്സല്‍ കപാസിറ്റീവ്   സ്കീന്‍ സൈസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.  1 GHz Arm Cortex A8 ആണ് പ്രോസസ്സര്‍. കൂടാതെ  സ്പീഡിനും ഗ്രാഫിക്സ് സഹായങ്ങള്‍ക്കുമായി dual Mali-400 graphics engine കൂടി ഉണ്ട്.  RAM 1 ജി.ബി. ആണ്. മിനി യു.എസ്.ബി. പോര്‍ട്ടിന്‍റെ സഹായത്തോടെ 3G ഡോങ്കിള്‍ ഉപയോഗിക്കാം. 4 GB  ഇന്‍റെണല്‍ മെമ്മറിയുള്ള ഐ ബെറി 32 GB വരെ മൈക്രോ എസ്.ഡി. യുടെ സഹായത്താല്‍ ഉയര്‍ത്താം. കൂടാതെ മിനി എച്ച് ഡി എം ഐ പോര്‍ട്ടിന്‍റെ സഹായത്താല്‍ 1080 p വരെയുള്ള വീഡിയോകള്‍ HD ടിവി സ്ക്രീനില്‍ കണക്റ്റ്‌ ചെയ്ത് കണ്ടാസ്വദിക്കാം.

ഐ ബെറി ടാബ്ലെറ്റിന്‍റെ വില Rs.5,990 രൂപയാണ്.


 Zen: UltraTab.

ഇന്ത്യന്‍ കമ്പനിയായ സെന്‍ മൊബൈല്‍ ഇറക്കിയ ടാബ്ലെറ്റ്‌ ആണ് സെന്‍ അള്‍ട്രാ ടാബ്. ഇതും  ആന്‍ഡ്രോയിഡ്‌ ICS ല്‍ ആണ് വര്‍ക്ക്‌ ചെയ്യുന്നത്.


1.2 GHz പ്രോസസ്സര്‍ ഉള്ള ഈ ടാബിന് 7" സ്ക്രീന്‍ ആണ്. വൈഫി മാത്രമേ കണക്ടിവിറ്റി ഉള്ളൂ എന്നതാണ് ഒരു കുറവ്. മുന്നില്‍ 1.3 മെഗാപിക്സല്‍ ഉള്ള ഒരു ക്യാമറ ഇതിലുണ്ട്. 4GB ആണ് ഇന്‍റെണല്‍ സ്റ്റോറേജ്.മൈക്രോ എസ്.ഡി കാര്‍ഡുപയോഗിച്ച് 32GB വരെ ഉയര്‍ത്താന്‍ സാധിക്കും. വെറും 295gm ഭാരമേ ഈ ടാബിനുള്ളൂ.

സെന്‍അള്‍ട്രാ ടാബിന്‍റെ വില Rs.5,999.


WishTel's Ira Thing 2.

ആന്‍ഡ്രോയിഡ്‌ ഐസ്ക്രീം സാന്‍വിച്ചില്‍ ഉള്ള 1.5 GHz പ്രോസസ്സറും 512 MB RAM ഉള്ള ടാബ് ആണ് വിഷ് ടെല്ലിന്‍റെ ഇറാ തിംഗ് 2.


ഈ ടാബ് ചുമപ്പ്, മഞ്ഞ, പിങ്ക്, നീല, വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഇന്‍റെണല്‍ മെമ്മറി 4 GB. 32 GB വരെ മൈക്രോ എസ്.ഡി കാര്‍ഡിന്‍റെ സഹായത്താല്‍ ഉയര്‍ത്താം. മുന്‍പില്‍ ഒരു  1.3 മെഗാപിക്സല്‍ ക്യാമറയുണ്ട്.ടിവിയില്‍ കണക്റ്റ്‌ ചെയ്യാനായി HDMI പോര്‍ട്ട്‌ ഉണ്ട്. കൂടാതെ  3000 mAh ബാറ്ററി നാല് മണിക്കൂര്‍ തുടര്‍ച്ചയായി ബ്രൌസ് ചെയ്യാന്‍ സഹായിക്കുമെന്ന്‍ കമ്പനി അവകാശപ്പെടുന്നു.
ഇറാ തിംഗിന്‍റെ കൂടെ ലഭിക്കുന്ന കീ ബോര്‍ഡ് ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഉള്‍പ്പടെ പതിനാല് ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ്.

വിഷ് ടെല്‍ ഇറാ തിംഗ് Rs.6,500 രൂപക്ക്‌ ലഭ്യമാണ്.


Wickedleak Wammy Ethos.

ഇന്ത്യന്‍ കമ്പനിയായ വിക്ക്ട് ലീക്ക്‌ ഇറക്കിയ ICS ടാബാണ്  വാമി എതോസ്. ഈ ഏഴ് ഇഞ്ച്‌ ടാബില്‍ സിം കാര്‍ഡ്‌ ഉപയോഗിച്ച് ത്രീജി കണക്റ്റ്‌ ചെയ്യാന്‍ സാധിക്കും എന്നതാണ് പ്രധാന സവിശേഷത.
450 gm ഭാരമുള്ള ഈ ടാബില്‍ 1.2 GHz പ്രോസസ്സര്‍ ആണുള്ളത്. 512 MB RAM ഉള്ള ഈ ടാബില്‍ 4 GB ഇന്‍റെണല്‍ മെമ്മറി ഉണ്ട്. അത് മൈക്രോ എസ്.ഡി ഉപയോഗിച്ച് 32GB വരെ ഉയര്‍ത്താം. കൂടാതെ ബ്ലൂ ടൂത്ത്‌, വൈ ഫൈ ഹോട്ട്സ്പോട്ട് എന്നീ സാങ്കേതികത്വങ്ങളും ഇതിലുണ്ട്.  3500 mAh ബാറ്ററിയും, HDMI പോര്‍ട്ടും കൂടാതെ രണ്ട് സ്പീക്കറുകളും ഈ ടാബില്‍ ഉണ്ട്.

വാമി എതോസിന്‍റെ വില Rs.8,999.


Zync Pad Z990.

സിംഗിള്‍  കോര്‍ Vivant GC340 mobile processor ഉപയോഗിച്ച് ICS ല്‍ വര്‍ക്ക്‌ ചെയ്യുന്ന ടാബ് ആണ് സിങ്ക് പാഡ്. ഒരു ഫുള്‍ യു.എസ്.ബി  2.0 ഇതിലുണ്ട്. ഏതു നെറ്റ് സെട്ടറും ഉപയോഗിക്കാന്‍ അതിനാല്‍ സാധിക്കും.

നാല് ജി.ബി. ഇന്‍റെണല്‍ മെമ്മറി മൈക്രോ എസ്.ഡി  ഉപയോഗിച്ച് 32 GBവരെ ഉയര്‍ത്താം. കൂടാതെ 999 രൂപക്ക്‌ ഒരു യു.എസ്.ബി കീ ബോര്‍ഡും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

സിങ്ക് പാഡിന്‍റെ വില Rs.8,500.


രണ്ടായിരം രൂപ മുതല്‍ തന്നെ ടാബുകള്‍ വിപണിയില്‍ ലഭ്യമാണ്. പുതുതായി ഇറങ്ങിയ ചില ടാബുകളെ പറ്റി ഇന്ത്യാ ടിവി ന്യൂസില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി ഒരു പോസ്റ്റ്‌ ടെക് ഗഡി ഇട്ടു എന്നേ ഉള്ളൂ. വിലകുറഞ്ഞ ചില ടാബുകളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ ടെക് ഗഡി പങ്കു വെക്കാം.


(കടപ്പാട് : ഇന്ത്യാ ടിവി ന്യൂസ്)

Monday 12 November 2012

ആകാഷ് ടാബ്ലെറ്റ്‌ 2.

കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയോടെ വിദ്യാര്‍ഥികള്‍ക്കായി ഡാറ്റവിന്‍ഡ്‌ എന്ന ബ്രിട്ടീഷ്‌ കമ്പനിയാണ് ആകാഷ് ടാബ്ലെറ്റ്‌ പുറത്തിറക്കുന്നത്. കമ്പനി ബ്രിട്ടീഷ്‌ ആണെങ്കിലും മേധാവി ഇന്ത്യന്‍ ആണ്. ആകാഷ് 1 കഴിഞ്ഞ വര്‍ഷം ശ്രീ. കപില്‍ സിബല്‍ പുറത്തിറക്കിയിരുന്നു.


ആകാഷ് 1 നേക്കാള്‍ ഒട്ടനവധി സവിശേഷതകളുമായാണ് ആകാഷ് 2  ഇറക്കിയിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.

എന്തൊക്കെയാണ് ആ സവിശേഷതകള്‍ എന്ന് നമുക്ക് നോക്കാം.

ആകാഷ് സീരീസ്‌ ടാബ്ലെറ്റുകള്‍ 7" സൈസ്‌ ആണുള്ളത്.ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡില്‍ 2.3  വേര്‍ഷന്‍ ആണ് ഇതില്‍.  Cortex A8 ന്‍റെ 700Mhz സ്പീഡുള്ള പ്രൊസസര്‍ ആണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ മള്‍ട്ടി മീഡിയ ഉപയോഗത്തിനായി ഒരു HD വീഡിയോ കോ പ്രോസസ്സറും ഉണ്ട്. വൈഫൈ, ജിപിആര്‍എസ് കണക്ടിവിറ്റി ഉണ്ട്. 3G മോഡം ഉപയോഗിക്കാന്‍ ഉള്ള സ്ലോട്ട് ഓപ്ഷണല്‍ ആണ്. കൂടാതെ രണ്ടു യുഎസ്ബി സ്ലോട്ടുകളും ഉണ്ട്. RAM 256 MB  ആണ്. കൂടാതെ ഇന്‍ബില്‍റ്റ് മെമ്മറി ആയി 2GB ഉണ്ട്. മൈക്രോ മെമ്മറി കാര്‍ഡ്‌ ഉപയോഗിച്ച് 32 GB വരെ കൂട്ടാന്‍ കഴിയും.

റസിസ്റ്റീവ് ടൈപ്പ്‌ ടച്ച് സ്ക്രീന്‍ ആണിതിന്‍. 3 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബാറ്ററിയാണ് ഇതില്‍.  വിദ്യാര്‍ത്ഥികള്‍ക്ക്‌ Rs.1130രൂപക്ക്‌ ലഭിക്കുന്ന ആകാഷ് 2 അല്ലാത്തവര്‍ക്ക് Rs.3,499രൂപക്ക്‌ ലഭിക്കും.

ഇത്രയും വിലകുറവും മറ്റു സവിശേഷതകളും എല്ലാം ഉണ്ടെങ്കിലും ആകാഷ് 2 ലഭിക്കുക എന്നത് അല്പം കഷ്ടം ആകും. ഈ ടെക് ഗഡി തന്നെ ആകാഷ് ഒന്ന്‍ ടാബ്ലെറ്റിന് 2011 നവമ്പറില്‍ ബുക്ക്‌ ചെയ്ത് പണവും അടച്ചെങ്കിലും ഇതുവരെയും സാധനം കയ്യില്‍ കിട്ടിയിട്ടില്ല. ഡാറ്റവിന്‍ഡ്‌ തന്നിരിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പര്‍ അനിശ്ചിതമായി റിംഗ് ചെയ്യുന്നു എന്നല്ലാതെ ആരും എടുക്കുന്നില്ല. ഒരഞ്ചു മെയില്‍ അയച്ചാല്‍ "ക്ഷമിക്കണം, ഭയങ്കരമായ തിരക്കാണ് ഉടനെ സാധനം തരാം" എന്ന് പറഞ്ഞു ഒരു മറുപടി വരും. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെയുള്ള എല്ലാ മെയിലുകളും എന്‍റെ കയ്യില്‍ ഉണ്ട്.

അതുകൊണ്ട് ആകാഷ് 2വാങ്ങികൊടുത്ത് ഉടനെ കുട്ടികളെ പഠിപ്പിക്കാം എന്നാ വിചാരം ആരും പുലര്‍ത്തണ്ട എന്നാണ് എന്‍റെ അഭിപ്രായം. രണ്ടായിരം മുതല്‍ അയ്യായിരം വരെ വിലകളില്‍ ഇതേ സൌകര്യങ്ങള്‍ ഒരു പക്ഷേ ഇതിലും മികച്ച സൌകര്യങ്ങള്‍ ഉള്ള ടാബ്ലെറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്.

ആകാഷ് 2 ടാബ്ലെറ്റ്‌ ഇവിടെ ബുക്ക്‌ ചെയ്യാം http://www.ubislate.com/

Sunday 11 November 2012

ഇന്ത്യന്‍ ഫാബ്ലെറ്റ്‌. മൈക്രോമാക്സ് A110.

Micromax Canvas A110

കൂട്ടുകാരേ,

ഫോണിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉണ്ടാവുകയും, എന്നാല്‍ ഒരു ടാബ്ലെറ്റ് കമ്പ്യൂട്ടറിന്‍റെ വലിപ്പവുമുള്ള മൊബൈലുകളെ ആണ് ഫാബ്ലെറ്റുകള്‍ എന്ന് പറയുക. ഇപ്പോഴുള്ള ഫാബ്ലെറ്റുകള്‍ മിക്കവാറും  5" സ്ക്രീന്‍ സൈസ്‌ ഉള്ളവയാണ്. വിപണിയില്‍ സാംസങ്ങ്‌ ഗ്യാലക്സി നോട്ട് വിജയിച്ചതോടെയാണ് ഫാബ്ലെറ്റുകള്‍ അധികമായി വന്നു തുടങ്ങിയത്. പക്ഷേ സാംസംഗ് എന്ന ബ്രാന്‍ഡിന്കൊടുക്കേണ്ടി വരുന്ന വില അധികമാളുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. സാംസംഗ് ഗ്യാലക്സി നോട്ട് 1 വിപണിയില്‍ ഇപ്പോഴും 30,000 രൂപക്ക്‌ മുകളില്‍ ആണ് വില.

ഈ രംഗത്തേക്ക്‌ സാംസംഗിന് കടുത്ത മത്സരവുമായി ഒരു കൂട്ടം ഫാബ്ലെറ്റുകള്‍ വന്നിട്ടുണ്ട്. മൈക്രോമാക്സ്, കാര്‍ബണ്‍, സ്പൈസ്, വികിലീക്സ്‌, ഐ ബാള്‍ എന്നീ കമ്പനികള്‍ എല്ലാം തന്നെ വിലകുറഞ്ഞതും എന്നാല്‍സാംസംഗ് ഗ്യാലക്സിയുടെ എല്ലാ സൌകര്യങ്ങളും ഉള്‍പ്പെട്ട ഫാബ്ലെറ്റുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. അവയില്‍ ഏറ്റുവും പുതിയ മോഡല്‍ ആയ മൈക്രോമാക്സിന്‍റെ A110 എന്ന മോഡലിനെ കുറിച്ച് അല്പം വിവരങ്ങള്‍ ഇവിടെ ടെക് ഗഡി പറഞ്ഞു തരാം.

കഴിഞ്ഞ ആഴ്ചയാണ് ടെക് ഗഡിയുടെ കയ്യില്‍ ഒരു പുതു പുത്തന്‍ മൈക്രോമാക്സ്‌  A110 എന്ന മോഡല്‍ www.saholic.com എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി കിട്ടിയത്.
5" സ്ക്രീന്‍ സൈസ്‌ ഉള്ള ഈ ഫാബ്ലെറ്റ്‌ ആന്‍ഡ്രോയിഡിന്‍റെ മാര്‍ക്കെറ്റില്‍ ഇറങ്ങിയതില്‍ ഏറ്റുവും പുതിയ വേര്‍ഷന്‍ ആയ ഐസ്ക്രീം സാന്‍ഡ് വിച്ച് (Ice cream Sand witch 4.0.3) എന്ന ഓപ്പറേറ്റിങ്ങ് സോഫ്റ്റ്‌ വെയറുമായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. A110 വിന് തൊട്ടുമുന്‍പ്‌ ഇറങ്ങിയ A100 ന്‍റെ കുറവുകള്‍ എല്ലാം പരിഹരിച്ചാണ് A110 വന്നിട്ടുള്ളത്.

1 Ghz ഡ്യുവല്‍ കോര്‍ പ്രോസസര്‍ ആണ് A110 ന്. കോറുകളുടെ എണ്ണം കൂടും തോറും മൊബൈലിന്‍റെ പ്രവര്‍ത്തന ക്ഷമതയും കൂടും എന്നറിയാമല്ലോ. മള്‍ട്ടി ടാസ്കുകള്‍ അതായത്‌ ഒരേ സമയത്ത്‌ ഒട്ടനവധി ആപ്ലിക്കേഷനുകളും, വീഡിയോ ഗെയിമുകളും പ്രവര്‍ത്തിപ്പിക്കാന്‍ ഈ  ഡ്യുവല്‍ കോര്‍ സഹായിക്കും.
സാസംഗിന്‍റെ തന്നെ ഗ്യാലക്സി എസ് ത്രീ എന്ന മോഡലുമായി ഒരു വിദൂര സാമ്യം A110 നുണ്ട്. അതുകൊണ്ട് തന്നെ ഈ മൊബൈല്‍ വളരെ കനവും വണ്ണവും കുറഞ്ഞതാണ്. 9.7 mm  മാത്രമാണ് ഈ മൊബൈലിന്‍റെ വണ്ണം,140 gm  ഭാരവും. നാല് സൈഡും സാംസംഗ് മോഡലുകളെ പോലെ കര്‍വ് ഷെയിപ്പ് ആക്കിയത് കാഴ്ചക്ക്‌ നല്ല ഭംഗി നല്‍കും. സ്ക്രീന്‍ IPS ആണ്. അതായത് ഏത് കോണില്‍ നിന്ന് നോക്കിയാലും വ്യക്തമായ കാഴ്ച ഉറപ്പ്‌. ബാക്ക് കവര്‍ പ്ലാസ്ടിക്കിന്‍റെ നിലവാരം അല്പം കൂടി ഉയര്‍ത്താമായിരുന്നു.

പിന്നിലും മുന്നിലും ക്യാമറയുമായാണ് A110 വന്നിരിക്കുന്നത്. മുന്‍പത്തെ മോഡലില്‍ ഉണ്ടായിരുന്ന 5 മെഗാ പിക്സല്‍ ക്യാമറയെ 8 മെഗാ പിക്സല്‍ ആക്കി ഉയര്‍ത്തിയാണ് A110 അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറ ക്വാളിറ്റി മധ്യ നിലവാരം പുലര്‍ത്തുന്നു. HD റിക്കോര്‍ഡിംഗ് ഉണ്ട് എന്നതാണ് എടുത്തു പറയേണ്ട ഒരു സവിശേഷത. അല്പം പുറത്തേക്ക്‌ തള്ളി നില്‍ക്കുന്ന പിന്‍ ക്യാമറ ചിലരിലെങ്കിലും അസ്വസ്ഥത ഉണ്ടാക്കാന്‍ ഇടയുണ്ട്.

32 GB എസ് ഡി കാര്‍ഡ്‌ വരെ A110 സപ്പോര്‍ട്ട് ചെയ്യും. റാം  512 MB ആണ്. അത് ഈ വിഭാഗത്തില്‍ ഉള്ളവയില്‍ ശരാശരി ആണ്. ഇന്‍ബില്‍റ്റ് മെമ്മറി 4GB ഉണ്ട്. അതില്‍ 2GBആപ്ലിക്കേഷനുകള്‍ക്ക് മാറ്റി വെച്ചിരിക്കുന്നു. ബാക്കിയുള്ള 2GB ഉപഭോക്താവിന് യഥേഷ്ടം ഉപയോഗിക്കാം. അതായത് മെമ്മറി കാര്‍ഡ്‌ വാങ്ങി ഇട്ടില്ലെങ്കിലും അത്യാവശ്യം ഫോട്ടോകള്‍ എടുക്കാനും, പാട്ടുകള്‍ ശേഖരിക്കാനും A110 ല്‍ തന്നെ സ്ഥലമുണ്ടെന്ന് സാരം.

A110 അവതരിചിരിക്കുന്നത് ആന്‍ഡ്രോയിഡിന്‍റെ ഏറ്റുവും പുതിയ വേര്‍ഷന്‍ ആയ ഐസ്ക്രീം സാന്‍ഡ് വിച്ച് (Ice cream Sand witch 4.0.3) എന്ന ഓപ്പറേറ്റിങ്ങ് സോഫ്റ്റ്‌ വെയറുമായാണ്എന്ന്‍ പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ സാംസംഗ് എസ് ത്രീ യില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സോഫ്റ്റ്‌ വെയറുകളും A110 ലും പ്രവര്‍ത്തിക്കും.ഒട്ടനവധി ആപ്ലിക്കേഷനുകള്‍ മുന്‍പേ തന്നെ ഇന്‍സ്ടാള്‍ ചെയ്തിട്ടാണ് A110 വിപണിയില്‍ എത്തുന്നത്. കൂടാതെ വിശാലമായ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വിവിധ ആപ്ലിക്കേഷനുകള്‍ നമുക്ക്‌ ആവശ്യാനുസരണം ഡൌണ്‍ലോഡ്‌ ചെയ്തെടുക്കാനും സാധിക്കും. ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാന്‍ സാധിക്കും എന്നതാണ് A110 ന്‍റെ മറ്റൊരു പ്രത്യേകത.ഇപ്പോള്‍പരീക്ഷണങ്ങള്‍ കഴിഞ്ഞിറങ്ങിയ ജെല്ലിബീന്‍ എന്ന വേര്‍ഷനിലേക്ക് A110 ന്‍റെ സോഫ്റ്റ്‌ വെയര്‍ ഉയര്‍ത്താന്‍ കഴിയുമെന്ന് കരുതുന്നു.


വൈഫൈ, ബ്ലൂ ടൂത്ത്‌ എന്നീ സൌകര്യങ്ങള്‍ A110 ല്‍ ഉണ്ട്. കൂടാതെ വൈഫൈ ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന വൈഫൈ ഹോട്ട് സ്പോട്ട് എന്ന സാങ്കേതികത്വം A110 ലുണ്ട്. കൂടാതെ ഇതൊരു ഡ്യുവല്‍ സിം, ഡ്യുവല്‍ സ്റാന്‍ഡ്‌ബൈ ഫോണ്‍ ആണ്. അതായത് രണ്ടു സിമ്മുകളും ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കും. പഴയ ഡ്യുവല്‍ ഫോണുകളെ പോലെ സിമ്മുകള്‍ മാറി മാറി സിലക്റ്റ്‌ ചെയ്യേണ്ടതില്ല എന്ന് സാരം. പ്രീ സെറ്റ് ആയ അഞ്ച് ഹോം സ്ക്രീനുകള്‍ A110 നുണ്ട്. അവയില്‍ നമ്മുടെ ഇഷ്ടാനുസരണം ആപ്ലിക്കേഷന്‍ ഐക്കണുകള്‍ സെറ്റ് ചെയ്യാം. 

A110 3G സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഫോണാണ്. വീഡിയോ കാളിംഗ് സൌകര്യത്തിനായി മുന്‍പില്‍ 0.3 മെഗാപിക്സല്‍ ക്യാമറയും കൊടുത്തിട്ടുണ്ട്. സാങ്കേതിക മികവുകൊണ്ട് നല്ല സിഗ്നല്‍ ക്വാളിറ്റിയും, നല്ല സൌണ്ടും ഉണ്ട്  A110 ന്. 3.5mm ഓഡിയോ ജാക്ക് നല്ല ശബ്ദ വിസ്മയം ഉണ്ടാക്കുന്നു.

കൂടാതെ ജി സെന്‍സര്‍, ലൈറ്റ് ഒപ്ടിമൈസേഷന്‍, എ ജിപി എസ് എന്നിവയും A110 ല്‍ ഉണ്ട്. പവര്‍ ഓണ്‍, വോളിയം എന്നിവയൊഴികെ യാതൊരു ഫിസിക്കല്‍ ബട്ടണുകളും  A110 ല്‍ ഇല്ല. സ്ക്രീനില്‍ ഉള്ള ഹോം, ബാക്ക്, സെറ്റിംഗ്സ് ബട്ടണുകള്‍ എല്ലാം സ്ക്രീന്‍ ഓണ്‍ ആയാല്‍ മാത്രം വര്‍ക്ക്‌ ചെയ്യുന്നവയാണ്.


ചാര്‍ജര്‍ കേബിള്‍ തന്നെ ഡാറ്റാ കേബിള്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ആണ് A110ല്‍. അതിനാല്‍ കൂടുതല്‍ സാധനങ്ങള്‍ യാത്രകളില്‍ വാരിവലിച്ച് കൊണ്ട് പോകാതെ കഴിയാം. 2000 mAh ബാറ്ററിയുമായാണ് A110 വന്നിരിക്കുന്നത്. ഒരു ഫാബ്ലെറ്റിനെ സംബന്ധിച്ചിടത്തോളം 2000 mAh എന്നത് അല്പം നിരാശാജനകം എന്ന് പറയാതെ വയ്യ. എന്നാലും ഭേദപ്പെട്ട പ്രകടനം ബാറ്ററി കാഴ്ച വെക്കുന്നുണ്ട്. 5 മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിക്കാനും, 180  മണിക്കൂര്‍ സ്റാന്‍റ് ബൈ ആയും A110 പ്രവര്‍ത്തിക്കുമെന്ന് മൈക്രോമാക്സ്‌ അവകാശപ്പെടുന്നു.


എല്ലാത്തിലും ഉപരിയായി പറയേണ്ടത്‌ മൈക്രോമാക്സ്‌ A110 ന്‍റെ വിലയാണ്. വെറും Rs.9,999 രൂപക്കാണ് ഈ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ലഭിക്കുന്നത്. ഇതേ സൌകര്യങ്ങള്‍ ഉള്ള സാംസംഗ് S III ക്ക് Rs.37,000 ഓളം വിലയുണ്ട് എന്നറിയുമ്പോള്‍ ആണ് മൈക്രോമാക്സിന്‍റെ മഹത്വം മനസ്സിലാകുക. ഒരു വര്‍ഷം ഗ്യാരന്‍റിയോട് കൂടി എത്തുന്ന മൈക്രോമാക്സ്‌ A110 ക്ക് കേരളത്തില്‍ തൃശ്ശൂരും, കൊച്ചിയിലും സര്‍വീസിംഗ് സൌകര്യവും ഉണ്ട്.

ഫോണിന്‍റെയും, ടാബ്ലെറ്റിന്‍റെയും സൌകര്യങ്ങള്‍ ഒരുമിച്ചുള്ള ഈ സ്മാര്‍ട്ട് ഫോണ്‍ കുറഞ്ഞ ബഡ്ജറ്റില്‍ സാംസംഗ് എസ് ത്രീ സൌകര്യങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വാങ്ങാവുന്ന ഒരുത്തമ ഫോണ്‍ ആണ്.

ഗഡിയോളെ, ഞാന്‍ തുടങ്ങിക്കോട്ടേ?

കൂട്ടുകാരേ,

ഞാന്‍ ടെക് ഗഡി. മൊബൈലുകള്‍, ടാബ്ലെറ്റുകള്‍ അവയുടെ ഓപ്പറേറ്റിംഗ് സിസ്ടംസ്‌ എന്നിവയെ പറ്റി അറിഞ്ഞിരിക്കുക വിവരങ്ങള്‍ ശേഖരിക്കുക  എന്നത് എന്‍റെ ഒരു ഹോബിയാണ്. എന്‍റെ ഈ ഹോബി അറിയാവുന്ന  പല സുഹൃത്തുക്കളും മൊബൈലുകളോ, ടാബ്ലെറ്റുകളോ മറ്റ് ഗാഡ്ജെറ്റുകളോ വാങ്ങുമ്പോള്‍ എന്‍റെ അഭിപ്രായം ചോദിക്കാറുമുണ്ട്.

മൊബൈലുകളെയും മറ്റും പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ധാരാളം ബ്ലോഗുകളും സൈറ്റുകളും ഉണ്ടെങ്കിലും മലയാളത്തില്‍ ഉള്ളവ തുലോം കുറവാണ്. അതിനാല്‍ ഞാന്‍ എന്‍റെ ഹോബിക്കായി ശേഖരിക്കുന്ന വിവരങ്ങള്‍ ഇവിടെ കൂട്ടുകാരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കയാണ്. കൂടാതെ ഭാവിയില്‍ പുതിയ മൊബൈലുകളുടെ വീഡിയോ റിവ്യൂകള്‍ മലയാളത്തില്‍ ഇവിടെ ഉള്‍പ്പെടുത്താനുംശ്രമിക്കാം.  കൂട്ടുകാര്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ ഇവിടെ കമന്റുകളായി ഇട്ടാല്‍ അത് മറ്റുള്ളവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും.

ഗഡിയോളോട് ആദ്യമേ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ, ഞാന്‍ ഈ മേഖലയില്‍ ഒരു വിദഗ്ധന്‍ അല്ല. പരിമിതമായ എന്‍റെ അറിവുവെച്ച് പറയുന്ന കാര്യങ്ങളില്‍ തെറ്റുകുറ്റങ്ങള്‍ ഉണ്ടായാല്‍ സദയം ക്ഷമിച്ച് തിരുത്തിത്തരണമെന്ന് വിനീതമായി അപേക്ഷിക്കുകയാണ്.

എന്ന്‍ വിനയത്തോടെ

നിങ്ങളുടെ സ്വന്തം,

ടെക് ഗഡി